കീവ്: ജനപ്രിയനും സാങ്കേതിക വിദഗ്ധനുമായ പ്രതിരോധ മന്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ, സോവിയറ്റ് കാലഘട്ടത്തിൽ പരിശീലനം ലഭിച്ച യുക്രെയ്ൻ ആർമി ചീഫ് ഒലെക്സാണ്ടർ സിർസ്കിയെ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പുറത്താക്കി. ജോയിന്റ് ഫോഴ്സ് കമാൻഡറായ മൈഖൈലോ ദ്രപതിയെയാണ് പുതിയ സൈനിക മേധാവിയായി നിയമിച്ചത്.
2024 മുതൽ ഈ പദവി വഹിക്കുന്ന 60-കാരനായ സിർസ്കി, യുക്രൈനിലെ ഏറ്റവും പരിചയസമ്പന്നരായ കമാൻഡർമാരിൽ ഒരാളാണ്. 2022-ൽ റഷ്യൻ അധിനിവേശത്തിന്റെ തുടക്കത്തിൽ കീവിന്റെ പ്രതിരോധത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. പുറത്താക്കപ്പെട്ട മുൻ പ്രതിരോധ മന്ത്രി മൈഖൈലോ ഫെഡോറോവിനെ പിന്തുണച്ച് ദിവസങ്ങളോളം നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് സിർസ്കിക്കെതിരായ നടപടി.
സൈനിക പരിഷ്കരണ ശ്രമങ്ങൾ തടസപ്പെടുത്തിയെന്നും തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഫെഡോറോവ്, സിർസ്കിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
"യുക്രെയ്ൻ സായുധ സേനയുടെ പുതിയ കമാൻഡർ ഇൻ ചീഫായി മൈഖൈലോ ദ്രപതിയെ നിയമിക്കാൻ ഞാൻ തീരുമാനിച്ചു," സെലൻസ്കി ടെലിഗ്രാം കുറിപ്പിൽ വ്യക്തമാക്കി. "ഒലെക്സാണ്ടർ സിർസ്കിക്കും യുക്രൈന്റെ മുൻനിര പോരാട്ട വീര്യത്തിന് പിന്നിൽ പ്രവർത്തിച്ച നമ്മുടെ ഓരോ യോദ്ധാവിനും ഞാൻ നന്ദി അറിയിക്കുന്നു.'-സെലൻസ്കി കുറിച്ചു.